കോൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ വേലി നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി 600 ഏക്കർ ഭൂമി അതിർത്തി രക്ഷാസേനയ്ക്ക് കൈമാറും. 45 ദിവസത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് ബിഎസ്എഫിന് നൽകുന്ന പ്രക്രിയ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മുൻസർക്കാർ നടപ്പിലാക്കാതിരുന്ന ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംസ്ഥാനത്ത് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരാനും തീരുമാനമായി. ഉദ്യോഗസ്ഥ ഭരണരംഗത്തും മാറ്റങ്ങൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിൽ പരിശീലനത്തിന് പോകുന്നതിനായുള്ള അനുമതി പുനഃസ്ഥാപിച്ചു.
കൂടാതെ കഴിഞ്ഞവർഷങ്ങളിൽ നിയമനം മുടങ്ങിയ ഉദ്യോഗാർഥികൾക്കായി അഞ്ചുവർഷത്തെ പ്രായപരിധി ഇളവും പ്രഖ്യാപിച്ചു. മുൻസർക്കാർ തടഞ്ഞുവെച്ച സെൻസസ് നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനമായി. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഓർഡർ പുറപ്പെടുവിച്ചു.
മുൻഭരണകാലത്ത് സെൻസസ് വൈകിപ്പിച്ചത് എന്തിനാണെന്ന് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നന്ദിപറഞ്ഞ സുവേന്ദു ബംഗാൾ ആദ്യമായി ഭയരഹിതമായ ഒരു തെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചതായും അവകാശപ്പെട്ടു.